


തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനുനേരെയുള്ള സൈബര്‍ ആക്രമണണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. പുതിയ കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്ന് ദേശീയ ചെയര്മാന് മനു ജെയിന് പറഞ്ഞു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് സോഷ്യല്‍ മീഡിയ കമ്മിറ്റി ആയിരുന്നു.
12 പേരടങ്ങിയ സോഷ്യല്‍ മീഡിയ കമ്മിറ്റിയില്‍ കൂടുതല്‍ പേരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിൽ അനുകൂല പോസ്റ്റുകള്‍ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നത് ഇവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് വിവരം. ഇവര്‍ തന്നെയാണ് പ്രതിപക്ഷ നേതാവിന് എതിരായ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. വിഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗികാരോപണങ്ങളില്‍ സതീശന് കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്. തനിക്കു നേരെയുള്ള കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ സതീശന് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. 25 വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും നേതൃത്വത്തിനു മുന്‍പാകെ സതീശന് കൈമാറിയിരുന്നു.