കണ്ണൂര്‍ : മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ ‘ജനാധിപത്യ അതിജീവന യാത്ര’യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല’ എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്.
പ്രകടനത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. പ്രകടനത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് സിപിഐഎം ഏരിയാ നേതാക്കള്‍ പ്രതികരിച്ചു.
രക്തസാക്ഷി ധീരജിനെ വരെ മുദ്രാവാക്യത്തില്‍ ഉള്‍പ്പെടുത്തിയത് പ്രകോപനം ലക്ഷ്യം വെച്ചാണ്, മലപ്പട്ടം സിപിഐഎമ്മിന്റെ കേന്ദ്രമായിട്ടും പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിച്ചെന്നും സിപിഐഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരവും ഗാന്ധി സ്തൂപവും തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനാധിപത്യ അതിജീവന യാത്ര നടത്തിയത്.
യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായിരുന്നു. അടുവാപ്പുറത്ത് നിന്ന് തുടങ്ങിയ അതിജീവന യാത്രയ്ക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലും വടിയും വലിച്ചെറിഞ്ഞതായി ആരോപണമുണ്ട്. സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ ചില്ലുകള്‍ തകര്‍ത്തതായി പാര്‍ട്ടി നേതൃത്വവും ആരോപിച്ചു.