തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള നൈറ്റ് മാർച്ച് റദ്ദാക്കി യൂത്ത് കോൺഗ്രസ്. രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. വൈകീട്ട് ആറോടെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയേക്കും. ജയിലിനു മുന്നിൽ രാഹുലിനു വൻവരവേൽപ്പും ആഹ്ലാദപ്രകടനവും ഒരുക്കാനാണ് യൂത്ത് കോൺഗ്രസ് നീക്കം.
രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടറിയേറ്റിലേക്കു പ്രഖ്യാപിച്ച നൈറ്റ് മാർച്ച് ആണ് പിൻവലിച്ചിരിക്കുന്നത്. ഇന്നു നടക്കേണ്ട മാർച്ചിൽ പങ്കെടുക്കാനായി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് ഉൾപ്പെടെ കേരളത്തിലെത്തിയിരുന്നു. പരിപാടി ഒഴിവാക്കിയതോടെ ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ അദ്ദേഹം എത്തും.
സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒടുവില്‍ ഡി.ജി.പി ഓഫിസ് മാര്‍ച്ചിലെ കേസില്‍ കൂടി കോടതി ജാമ്യം നല്കി. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.