തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് നേതാവിന്റെ വാട്സാപ് ചാറ്റുകളും കോളുകളും പൊലീസ് പരിശോധിക്കുന്നു. വാട്സാപ് വഴി നടത്തിയ ആശയവിനിമയങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊലീസ് കമ്പനിക്ക് കത്ത് നൽകി.
തട്ടിപ്പിൽ അരവിന്ദിനെ സഹായിച്ച മറ്റൊരാൾ കൂടിയുണ്ട്. ഇയാൾ ജയകുമാർ എന്ന ആരോഗ്യവകുപ്പ് ജീവനക്കാരനാണെന്നാണ് യൂത്ത്കോൺഗ്രസ് നേതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിലുള്ളത്. എന്നാൽ, ഈ പേര് വ്യാജമാണെന്നും സർക്കാർ ഉദ്യോഗസ്ഥനല്ലെന്നും പൊലീസ് കണ്ടെത്തി. അരവിന്ദ് നൽകിയ ഫോൺ നമ്പർ പൊലീസ് പരിശോധിച്ചു. എന്നാൽ, 2015 ഏപ്രിൽ മുതൽ ജൂലൈവരെമാത്രം പ്രവർത്തിച്ച ഫോൺ നമ്പറാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, ഇതേ നമ്പറിൽനിന്ന് അരവിന്ദിന് സ്ഥിരമായി വാട്സാപ് കോളുകൾ വന്നിരുന്നു. ചാറ്റുകൾ അരവിന്ദ് വെട്ടിക്കൽ നശിപ്പിച്ചിട്ടുണ്ട്. ചാറ്റുകൾ വീണ്ടെടുക്കാനും ഫോൺവിളിയുടെ വിശദാംശങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്.
കോഴഞ്ചേരിയിലെ ആശുപത്രിയിൽവച്ചാണ് തട്ടിപ്പിനിരയായ യുവതിയിൽനിന്ന് അരവിന്ദ് പണം വാങ്ങിയതെന്നും വ്യാജ നിയമന ഉത്തരവ് കൈമാറിയതെന്നും പൊലീസ് കണ്ടെത്തി. ജയകുമാർ തനിക്ക് നൽകിയ ഉത്തരവാണ് പരാതിക്കാരിക്ക് നൽകിയതെന്ന് അരവിന്ദ് സമ്മതിച്ചു. എന്നാൽ, ജയകുമാർ ആരെന്ന് കൃത്യമായി പറയാൻ ഇയാൾ തയ്യാറായിട്ടില്ല. ആറന്മുളയിലും അരവിന്ദിനെതിരെ മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.