പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിൽ നാലുപ്രതികൾക്കും ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ രാജ്യം വിട്ടുപോകരുതെന്നാണ് ഉപാധി. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. ക്രിമിനൽ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് കോടതി നിരീക്ഷിച്ചു. രാത്രി ഉറങ്ങിക്കിടന്നവരെയാണ് പിടിച്ചുകൊണ്ടുപോയത്. അതത് സ്ഥലത്തെ പൊലീസിനെ അറിയിക്കുന്നതിലും അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി. റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നതിനപ്പുറത്തേക്ക് മറ്റൊരു കാര്യവും കസ്റ്റഡി അപേക്ഷയില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിൽ ക്രിമിനൽ പ്രവർത്തനമാണ് പ്രതികള്‍ ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കുകയായിരുന്നു.