തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കണ്ണൂരില്‍ കെ സുധാകരന് പക്ഷത്തിന് തിരിച്ചടി നേരിട്ടു. സുധാകരന്റെ പിന്തുണയുണ്ടായിരുന്ന ഫര്സീന് മജിദ് തോറ്റു. എ ഗ്രൂപ്പിലെ വിജില്‍ മോഹന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനും ലഭിച്ചു. എറണാകുളത്തെ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചിട്ടില്ല. കെസി വേണുഗോപാല്‍ പക്ഷവും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ എ ഗ്രൂപ്പിന് തിരിച്ചടി നേരിട്ടു. കെസി വേണുഗോപാല്‍ ഗ്രൂപ്പാണ് പത്തനംതിട്ടയില്‍ വിജയിച്ചത്.
പത്തനംതിട്ടയ്ക്കു പുറമെ, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് കെസി ഗ്രൂപ്പ് നേടിയത്. മലപ്പുറത്തും കോട്ടയത്തും കെസി പക്ഷത്തേക്ക് കൂറുമാറിയ എ ഗ്രൂപ്പ് വിമതരാണ് വിജയിച്ചത്. തൃശൂരില്‍ കെ സുധാകരന് പക്ഷം ജില്ലാ പ്രസിഡന്റ് പദം നേടി.