മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങൽ വീട്ടിൽ അക്ബർ റഹീമിനെ (26) ആണ് താനൂർ എസ്എച്ച്ഒ ജോണി ജെ. മറ്റം അറസ്റ്റ് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. റഹീം അസ്ലം എന്നാണ് ഇയാൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന പേരെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഫോൺ വഴി പിന്തുടർന്ന് ശല്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വർണം വിൽപ്പന നടത്തിയാണ് കുട്ടികൾ പണം കണ്ടെത്തിയത്. റഹീമും കുട്ടികളും ആദ്യമായാണ് മുബൈയിൽ പോകുന്നത്. കുട്ടികൾ ബ്യൂട്ടിപാർലറിൽ എത്തിയതിൽ മറ്റു ദുരൂഹതകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇന്നലെ പൂനെയിൽനിന്ന് കണ്ടെത്തിയ പെൺകുട്ടികളെ ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് കേരളത്തിലെത്തിച്ചത്.