കല്‍പ്പറ്റ : വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് മരിച്ചത്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പുല്‍പ്പള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം. ശിവദാസനും ഭാര്യയും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് ഇന്നലെ രാത്രി വീട്ടില്‍ മടങ്ങിയെത്തിയ മകന് ഇന്ന് രാവിലെ ആറുമണിക്ക് ശേഷം അമ്മയെ ഫോണില്‍ വിളിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അമ്മയെ ഫോണില്‍ വിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് അച്ഛന് മകനോട് പറയുന്നത് മറുതലയ്ക്കലുള്ള അമ്മ കേട്ടു. പിന്നീട് മകനെ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ, അമ്മ അയല്‍വാസികളെ വിളിച്ചു പറഞ്ഞു. വീട്ടില്‍ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമാണ് അമ്മ അയല്‍വാസികളോട് പറഞ്ഞത്.
ഇതനുസരിച്ച് അയല്‍വാസികള്‍ വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് കിടക്കയില്‍ അടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ മകനെ കണ്ടത്. പിതാവിനെ വീട്ടില്‍ കാണാനും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ശിവദാസനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.