ആലപ്പുഴ : ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം. ചേര്‍ത്തല-പൂച്ചാക്കല്‍ റോഡില്‍ അരൂക്കുറ്റി ഭാഗത്താണ് അമിതവേഗതയിലും അലക്ഷ്യമായും കാറോടിച്ച യുവാവ് പത്തുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടകരമായരീതിയില്‍ കാറോടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. അമിതവേഗത്തില്‍ ഇയാള്‍ ഓടിച്ച കാര്‍ ബൈക്കുകളും സ്കൂട്ടറുകളും ഉള്‍പ്പെടെ പത്തുവാഹനങ്ങളാണ് ഇടിച്ചുതെറിപ്പിച്ചത്. ഓരോ വാഹനങ്ങളെയും ഇടിച്ചിട്ട് കാര്‍ മുന്നോട്ടുപോയതോടെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ഈ കാറിനെ പിന്തുടര്ന്നു. ഇതിനിടെ മറ്റൊരു കാറിലിടിച്ച് യുവാവിന്റെ കാറിന്റെ ഒരുടയര്‍ ഊരിപ്പോയെങ്കിലും വാഹനം നിര്‍ത്തിയില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിലിടിച്ചാണ് കാര്നില്ക്കുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ നാട്ടുകാരും പൊലീസും യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇടിച്ചിട്ട കാറിനെ ബൈക്കുകളിലും മറ്റും നാട്ടുകാര്‍ പിന്തുടരുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നീട് കാര്‍ മറ്റൊരു കാറിലിടിച്ച് നില്ക്കുന്നതും പിന്നാലെയെത്തിയ നാട്ടുകാര്‍ രോഷാകുലരായി കാറിന്റെ ചില്ല് തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാടകയ്ക്കെടുത്ത കാറാണ് യുവാവ് ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.