പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍ വെച്ചും വഴക്കുണ്ടാക്കി. തുടര്‍ന്ന് വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള് കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
തടയാന്‍ ചെന്ന വിഷ്ണുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ വിഷ്ണുവും മരിച്ചു. അക്രമിച്ച വിവരം ബൈജു സുഹൃത്തുക്കളെ അറിയിച്ചു. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.