ന്യൂഡല്‍ഹി : മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേള്‍ക്കുന്നതിനിടെ ഇന്ത്യ മതേതരമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്നും കോടതി ചോദിച്ചു. ഇന്ത്യ മതേതരമല്ലെന്ന് തങ്ങള്‍ പറയുന്നില്ലെന്നും ഭേദഗതിയെയാണ് ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് പറഞ്ഞു.
1976ലെ 42 ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. എന്നാല്‍ വിഷയം പാര്‍ലമെന്റില്‍ വളരെ ദീര്‍ഘമായി തന്നെ ചര്‍ച്ച ചെയ്തതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
സോഷ്യലിസം എന്ന വാക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുമെന്ന് അംബ്ദേദ്കര്‍ അഭിപ്രായപ്പെട്ടിരുന്നുവെന്നും വിഷ്ണുശങ്കര്‍ ജെയിന് കൂട്ടിച്ചേര്‍ത്തു. സോഷ്യലിസത്തിന് എല്ലാവര്ക്കും തുല്യമായ അവസരം എന്നുകൂടെ അര്‍ഥമുണ്ടെന്നും സമത്വം എന്ന സങ്കല്‍പ്പം കൂടെയുണ്ടെന്നും കോടതി പറഞ്ഞു. ബിജെപി മുന്‍ എം പി സുബ്രഹ്മണ്യന് സ്വാമിയാണ് ഹര്‍ജിക്കാരിലൊരാള്‍. ബല്‍റാം സിങ്, അശ്വനി കുമാര്‍ ഉപാധ്യായ എന്നിവരാണ് മറ്റ് രണ്ട് ഹര്‍ജിക്കാര്‍.