ലക്നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ സേവന പരിപാലന നിയമം (എസ്മ) പ്രകാരമാണ് യോഗി സർക്കാരിന്റെ ഈ നടപടി.
കോർപറേഷനുകൾക്കും, സർക്കാർ വകുപ്പുകൾക്കും, ഉത്തർപ്രദേശ് സംസ്ഥാന സർക്കാറിനു കീഴിലുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ദേവേശ് ചതുർവേദിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പഞ്ചാബിലും ഹരിയാനയിലുമായി നടക്കുന്ന കർഷകസമരം യുപിയിലേക്കും വ്യാപിക്കാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് യോഗി സർക്കാരിന്റെ നീക്കം. കഴിഞ്ഞ വർഷവും ആറ് മാസത്തേക്ക് ഇതേ രീതിയിൽ സർക്കാർ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്നായിരുന്നു കഴിഞ്ഞ വർഷത്തെ നടപടി.