നരേന്ദ്രമോദിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ച പേരാണ് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത്. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് യോഗിയുടെ കണക്കൂകൂട്ടുലുകളെയെല്ലാം തകര്‍ത്തു. എണ്‍പത് ലോക്സഭാ സീറ്റില്‍ വെറും 33 എണ്ണം നേടാന്‍ മാത്രമേ ബിജെപിക്ക് കഴിഞ്ഞുള്ളു. അതോടെ യോഗി ആദിത്യനാഥിന്റെ ഇമേജ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. മോദി അമിത്ഷാ കൂട്ടകെട്ടിനു യോഗി ആദിത്യനാഥിനെ പണ്ടേ പഥ്യമില്ലായിരുന്നു, ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി കൂടിയായപ്പോള്‍ യോഗിയെ വെട്ടി മൂലക്കിരുത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. എന്നാല്‍ ആർഎസ്എസ് ഇടപെട്ടതുകൊണ്ട് ഒരവസരം കൂടികൊടുക്കാന്‍ തീരുമാനിച്ചു. അതാണ് സെപ്തംബര്‍- ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന പത്ത് നിയമസഭാ ഉപതെരെഞ്ഞെടുപ്പുകള്‍. ഇതില്‍ ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കില്‍ യോഗി ആദിത്യനാഥിന് യുപി മുഖ്യമന്ത്രി സ്ഥാനത്ത് വലിയ ആയുസുണ്ടാകില്ല.
അഖിലേഷ് യാദവ് അടക്കം പത്ത് സിറ്റിംഗ് എംഎല്‍എമാരാണ് ലോക്സഭയിലേക്ക് മല്‍സരിച്ച് ജയിച്ചത്. ഇതോടെ ഈ സീറ്റുകളില്‍ ഒഴിവ് വന്നു. ഇതോടെയാണ് ബിജെപിയെയും യോഗി ആദിത്യനാഥിനെയും സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടത്തിന് വഴി തുറന്നത്. പത്തില്‍ ആറെണ്ണെമെങ്കിലും പിടിച്ചില്ലെങ്കില്‍ 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു തുന്നം പാടും. ഉത്തര്‍പ്രദേശിന്റെ ഭരണം കൈവിട്ടാല്‍ പിന്നെ 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്രഭരണത്തില്‍ നിന്നും പുറത്താവുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് യോഗിയും ബിജെപിയും കരുക്കള്‍ നീക്കുന്നത്. മുഖ്യമന്ത്രി ആദിത്യനാഥുള്‍പ്പെടെ അഞ്ച് സീനിയര്‍ മന്ത്രിമാര്‍ക്കാണ് പത്ത് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്.
മുൻ യുപി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് എംഎല്‍എ ആയിരുന്ന കര്‍ഹാല്‍ മണ്ഡലമാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അഖിലേഷിന്റെ ബന്ധുവായ തേജ് പ്രതാപ് സിംഗ് യാദവാണ് അവിടെ സ്ഥാനാര്‍ത്ഥിയെന്നത് കൊണ്ട് ബിജെപി ആ സീറ്റില്‍ പ്രതീക്ഷ വയ്ക്കുന്നതേയില്ല. ഉപതെരെഞ്ഞെടുപ്പു നടക്കുന്ന പത്ത് മണ്ഡലങ്ങളില്‍ അയോധ്യയുള്‍പ്പെടുന്ന മില്കിപ്പൂര് നിയമസഭാ മണ്ഡലം ശരിക്കും ബിജെപിയുടെ വാട്ടര്ലൂവാണെന്ന് പറയേണ്ടി വരും. അയോധ്യാരാമക്ഷേത്രം ഉള്‍പ്പെടുന്ന ലോക്സഭാമണ്ഡലത്തില്‍ നിന്നും ബിജെപിക്ക് കനത്ത രാഷ്ട്രീയാഘാതം നല്‍കിക്കൊണ്ട് ജയിച്ച സമാജ് വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദായിരുന്നു മിര്കിപ്പൂരിലെ എംഎല്‍എ. ഈ സീറ്റ് എന്ത് വിലകൊടുത്തും പിടിച്ചെടുക്കണമെന്നാണ് ബിജെപിയും യോഗി ആദിത്യനാഥും ആഗ്രഹിക്കുന്നത്. ഇതിനായി കരുത്തരായ സൂര്യ പ്രതാപ് ഷാഹി, മായങ്കേശ്വര് ശരണ്‍ തുടങ്ങിയ മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു സീറ്റായ കടേഹാരിയും സാമാജ് വാദി പാര്‍ട്ടിയുടെ ഉറച്ച സീറ്റാണ്.ഇതു പിടിച്ചെടുക്കാന്‍ മൂന്ന് മന്ത്രിമാരെയാണ് യോഗി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര ദിയോ സിംഗ്, ദയാ ശങ്കര്‍ മിശ്ര, സഞ്ജയ് നിഷാദ് എന്നിവരാണവര്‍. അടുത്ത മണ്ഡലമായ മജവാന്‍ ബിജെപിയുടെ ഉറച്ച സീറ്റായാണ് കരുതപ്പെടുന്നത്. തൊട്ടടുത്ത സീറ്റായ ഫൂല്‍പൂരും ബിജെപിയുടെ കയ്യിലിരുന്ന നിയമസഭാ സീറ്റാണ്. ഇവിടെയും ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് അവര്‍.
മുസ്ളീം സ്വാധീന മണ്ഡലമായ കൂന്ദര്ക്കിയിലെ എംഎല്‍എയും എസ് പിനേതാവുമായിരുന്ന സിയ ഉര് റഹ്മാന് ബര്‍ഖ് സംഭാല്‍ ലോക്സഭാ സീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ആ മണ്ഡലത്തില്‍ ഒഴിവുവന്നത്. ഇവിടെയും ധര്‍മപാല്‍ സിംഗ്, ജെപിഎസ് റാത്തോഡ്, ജസ്വന്ത് സൈനി, ഗുലാബ് ദേവി എന്നീ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയാണ് ബിജെപി തെരെഞ്ഞെടുപ്പ് നയിക്കുന്നത്. എന്നാല്‍ ഇത് സമാജ് വാദി പാര്‍ട്ടിയുടെ ഉറച്ച സീറ്റാണ്. അടുത്ത മണ്ഡലമായി ഖൈറില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളത് മന്ത്രിമാരായ ലക്ഷ്മി നാരായണ്‍ ചൗധരിയോടും സന്ദീപ് സിങ്ങിനോടും ഖൈര്‍ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മെരാപൂര് , ഗാസിയാബാദ് എന്നീ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷ വയ്കുമ്പോള്‍ നിസാമാവൂ മണ്ഡലം സമാജ് വാദി പാര്‍ട്ടിയുടെ കുത്തകയാണെന്ന് ബിജെപി തന്നെ അംഗീകരിക്കുന്നു. നിര്‍ണ്ണായക മുസ്ളീം സാന്നിധ്യമുളള മണ്ഡലം കൂടിയാണിത്. ഗാസിയാബാദ് മണ്ഡലം ബിജെപിയുടെ ഉറച്ച മണ്ഡലമായി കരുതുന്നത് കൊണ്ട് അവര്‍ക്ക് അവിടെ അത്രയും ഭീഷണിയില്ലന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേ സമയം നിസാമാവൂ നിയമസഭാ മണ്ഡലം പിടിച്ചെടുക്കുക അത്ര എളുപ്പമല്ലന്നും ബിജെപി കരുതുന്നു.
പത്ത് മണ്ഡലങ്ങളില്‍ മുഴുവനും പിടിക്കാന്‍ കഴിയില്ലന്ന് ബിജെപിക്കുറപ്പുണ്ടെങ്കിലും പകുതിയലധികം പിടിച്ചേ തീരൂ എന്ന് ബിജെപിക്കറിയാം. അല്ലങ്കില്‍ രണ്ടര വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപി കൈവിട്ടുപോകുമെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാം. ഉപതെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരി്ട്ടാല് യോഗിയെ മാറ്റിക്കൊണ്ടുതന്നെയുള്ള പരീക്ഷണത്തിന് ബിജെപി തയ്യാറാകേണ്ടിയും വരും.