തിരുവനന്തപുരം : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എല്ലാ മത വിശ്വാസികള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ശിവഗിരി മഠം രംഗത്ത്. ഗായകന് യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നുള്ള ദീര്‍ഘകാല അപേക്ഷ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.
അടുത്തമാസം ആചാര പരിഷ്കരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠം ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യമായി ഈ വിഷയം മുന്നോട്ട് വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സ്വാമി സച്ചിനാദനന്ദ ആവശ്യപ്പെട്ടു. ധാരാളം ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച യേശുദാസ് ഗുരുവായൂരില്‍ പ്രവേശിക്കണമെന്ന് നിരവധിത്തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രിസ്ത്യാനിയായതിനാല്‍ യേശുദാസിന് പ്രവേശനം നിഷേധിക്കുകയായിരുന്നു.
”ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുന്നതിനെതിരെ ഞങ്ങള്‍ സമരം ആരംഭിക്കും. മതം മറികടന്ന് എല്ലാ വിശ്വാസികളേയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. നിരവധി ജനപ്രിയ ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച യേശുദാസിന് പോലും ഇതുവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. അത്തരം ആചാരങ്ങളെല്ലാം നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”, സ്വാമി സച്ചിദാനന്ദ പറയുന്നു. എന്നാല്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള ഒരു നീക്കവും നിലവിലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
സമര തിയതി ഉടന്‍ പ്രഖ്യാപിക്കും. ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ഥനാ ഗീതങ്ങള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കണമെന്ന ആവശ്യവും ഈ സമരത്തില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഇതാദ്യമായല്ല ശിവഗിരി മഠം പ്രതികരിക്കുന്നത്. മുമ്പ് ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരുമായുണ്ടായ തര്‍ക്കത്തിലും കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഗുരുവായൂരില്‍ കേറാന്‍ യേശുദാസ് ഇപ്പോഴും ക്യൂവിലാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. പുരുഷന്മാര് ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും സച്ചിദാനന്ദ ഈ അടുത്ത് പറഞ്ഞിരുന്നു.
എന്നാല്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളാണ് തീരുമാനം എടുക്കേണ്ടതെന്ന് യേശുദാസ് 2018ല്‍ പറഞ്ഞിരുന്നു. തനിക്ക് മാത്രം പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും പൂര്‍ണ ഭക്തിയോടെ ഗുരുവായൂരപ്പനെ കാണാനെത്തുന്ന എല്ലാവര്ക്കും ക്ഷേത്ര പ്രവേശനം ലഭിക്കുന്ന കാലത്ത് അവസാന ഭക്തനായേ ക്ഷേത്രത്തില്‍ പ്രവേശിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.