തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെയും വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കും. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.നവംബർ മൂന്നുമുതൽ അഞ്ചുവരെ കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുമെന്നും ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട് , വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.