തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ 6 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ശനിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.വിവിധ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദനങ്ങളും പൂര്‍ണമായും ഒഴിവാക്കുക.