തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള-ലക്ഷദ്വീപ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശനിയാഴ്ചയോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.