തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴി പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നാളെ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.