ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ. ഓസീസ് ടീമിന്റെ രണ്ടു ഓപ്പണർമാരും പുറത്തായെങ്കിലും 23 ഓവറിൽ 3.17 റൺ ശാരാശരിയിൽ സ്കോർ ചെയ്യുന്നു എന്നത് ഓസീസിനും ആശ്വാസകരമാണ്. ടോസ് നേടിയ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
നാലാം ഓവറിൽ തന്നെ ഓപണർ ഉസ്മാൻ ക്വാജയെ പൂജ്യത്തിനു മടക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. സ്കോർ ബോർഡിൽ കേവലം രണ്ടു റൺസ് മാത്രമുള്ളപ്പോൾ ക്വാജയെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എസ് ഭരത് സിംപിൾ ക്യാച്ചിലൂടെ പറഞ്ഞുവിട്ടു. രണ്ടാം വിക്കറ്റിൽ വാർണറും ലംബുഷെയ്നും കൂട്ടുചേർന്നതോടെ ഓസീസ് താളം വീണ്ടെടുത്തു. ഈ കൂട്ടുകെട്ട് 69 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ശ്രദ്ദുൽ താക്കൂർ ഇന്ത്യക്ക് ആഗ്രഹിച്ച വിക്കറ്റ് സമ്മാനിച്ചത്. 60 പന്തിൽ എട്ടു ഫോർ അടക്കം 43 റൺസ് എടുത്ത വാർണറെ താക്കൂർ അർദ്ധ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിന് മുൻപായി ഭരതിന്റെ കൈയ്യിൽ എത്തിച്ചു. 26 റൺസുമായി ലംബുഷെയ്നുംസ്മിത്തുമാണ് നിലവിൽ ക്രീസിൽ .
അശ്വിനെ ഒഴിവാക്കി ജഡേജയെ ഏക സ്പിന്നറാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കുന്നത് .പേസിനെ പിന്തുണയ്ക്കുന്നതാണ് ഓവലിലെ പിച്ച്.പിച്ചും സാഹചര്യവും കണക്കിലെടുത്ത് നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നത്.പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി.