ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യന്ഷിപ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ഡേവിഡ് വാർണറുടെ (8 പന്തിൽ 1) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. നാലാം ഓവറിൽ മുഹമ്മദ് സിറാജാണ് വിക്കറ്റ് വീഴ്ത്തിയത്. ഉസ്മാൻ ഖവാജ (32 പന്തിൽ 13*), മാർനസ് ലബുഷെയ്ൻ (26 പന്തിൽ 8*) എന്നിവരാണ് ക്രീസിൽ.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 296 റൺസിനു പുറത്തായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 173 റൺസ് ലീഡു നേടി. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ അജിൻക്യ രഹാനെ (129 പന്തിൽ 89), ഷാർദൂൽ ഠാക്കൂർ (109 പന്തിൽ 51) എന്നിവർ ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യയെ സഹായിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 റൺസ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ രഹാനെ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ഷാർദൂർ ഠാക്കൂറും പുറത്തായതോടെ ഏറെക്കുറെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. ഉമേഷ് യാദവ് (11 പന്തിൽ 5), മുഹമ്മദ് ഷമി (11 പന്തിൽ 13) എന്നിവർക്ക് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് സിറാജ് (0*) പുറത്താകാതെ നിന്നു.
ഓസീസിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്പിന്നർ നേഥൻ ലയൺ ഒരു വിക്കറ്റും വീഴ്ത്തി. ടെസ്റ്റിൽ 5000 റൺസ് എന്ന നേട്ടം അജിൻക്യ രഹാനെ ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തമാക്കി. മൂന്നാം ദിനം കളി തുടങ്ങിയതിനു പിന്നാലെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് റൺസെടുത്ത് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്താണു പുറത്തായത്. സ്കോട്ട് ബോളണ്ടിന്റെ പന്തു നേരിടാനാകാതെ ഇന്ത്യൻ താരം ബോൾഡാകുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.