ലണ്ടൻ : ലോക ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന് തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത് ഇന്ത്യൻ സമയം പകൽ മൂന്നിനാണ് കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് ഓസ്ട്രേലിയയാണ് എതിരാളി. പ്രധാന താരങ്ങളുടെ പരിക്കും ഒരുങ്ങാൻ വേണ്ടത്ര സമയം കിട്ടാത്തതും തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ ടീം. മറുവശത്ത്, ഓവലിലെ പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ ആനുകൂല്യം നേടാമെന്ന വിശ്വാസത്തിലാണ് ഓസീസ് ടീം.
പരിക്കാണ് ഇന്ത്യൻ ടീമിന്റെ ആദ്യ ആശങ്ക. പേസർ ജസ്പ്രീത് ബുമ്ര, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ബാറ്റർമാരായ ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ എന്നിവർ പരിക്കുകാരണം ടീമിനൊപ്പമില്ല. പകരക്കാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നത്. ന്യൂസിലൻഡിനുമുന്നിൽ കൈവിട്ട കിരീടം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടി ഒരുക്കം മികച്ചതാക്കുകയും ചെയ്തു. എന്നാൽ, ഐപിഎൽ ടൂർണമെന്റിനുശേഷം കളിക്കാർക്ക് ഫൈനലിനായി വേണ്ടത്ര ഒരുങ്ങാൻ സമയം കിട്ടിയിട്ടില്ല. ഒരു സന്നാഹമത്സരംപോലും കളിച്ചില്ല. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ഉൾപ്പെടെ അഞ്ച് താരങ്ങൾ ഫൈനലിന് എട്ടുദിവസംമുമ്പ് മാത്രമാണ് ഇംഗ്ലണ്ടിൽ എത്തിച്ചേർന്നത്. ട്വന്റി 20യുടെ സ്വഭാവത്തിൽനിന്ന് ടെസ്റ്റ് ക്രിക്കറ്റിന്റെ രീതിയിലേക്കെത്താൻ ഈ സമയത്തിനുള്ളിൽ എങ്ങനെ കഴിയുമെന്നതും ചോദ്യമാണ്.
ചേതേശ്വർ പൂജാരയാണ് ഇന്ത്യൻ ടീമിന്റെ ശ്രദ്ധാകേന്ദ്രം. ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ഈ വലംകൈയൻ ബാറ്റർ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. സസെക്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന പൂജാര കൗണ്ടിയിൽ മൂന്ന് സെഞ്ചുറികൾ നേടി. ബാറ്റിങ് ശരാശരി 68.
ഈ വർഷം എല്ലാ വിഭാഗം ക്രിക്കറ്റിലും മിന്നിയ യുവതാരം ശുഭ്മാൻ ഗില്ലും പ്രതീക്ഷയാണ്. ഐപിഎല്ലിൽ മൂന്ന് സെഞ്ചുറികളാണ് ഇരുപത്തിമൂന്നുകാരൻ നേടിയത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഈ വർഷം സെഞ്ചുറി നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പർമാരിൽ ആരെ ഉൾക്കൊള്ളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ശ്രീകർ ഭരതും ഇഷാൻ കിഷനുമാണ് ടീമിലുള്ളത്. ഭരതിനായിരിക്കും പ്രഥമ പരിഗണന.
ഓസീസിന്റേത് മികച്ച ബൗളിങ് നിരയാണ്. മിച്ചെൽ സ്റ്റാർക്ക് നയിക്കുന്ന പേസ് നിരയിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സ്കോട് ബൊളാൻഡ്, മിച്ചെൽ നെസെർ എന്നിവരും ഇടംപിടിക്കുന്നു. പേസും ബൗൺസുമുള്ള പിച്ചിൽ ഓസീസ് പേസർമാർ അപകടകാരികളാകും. 10 കളിയിൽ 46 വിക്കറ്റുള്ള സ്പിന്നർ നതാൻ ല്യോണും ബൗളിങ് നിരയ്ക്ക് മികവുനൽകും. ഇന്ത്യക്കെതിരെയും ഇംഗ്ലണ്ട് പിച്ചുകളിലും മികച്ച റെക്കോഡുള്ള സ്റ്റീവൻ സ്മിത്താണ് ഓസീസിന്റെ മികച്ച ബാറ്റർ. 10 കളിയിൽ 991 റണ്ണടിച്ചുകൂട്ടിയ മാർണസ് ലബുഷെയ്നും 786 റൺ നേടിയ ഉസ്മാൻ ഖവാജയും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തും.
ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കിൽ റിസർവ് ദിവസമായി 12–ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.