ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ദേശീയ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പ്രതിഷേധ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ.സിംഗിനെതിരെ കേസ് എടുക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചതിനാലാണ് പ്രത്യക്ഷ സമരം അവസാനിപ്പിക്കുന്നതെന്ന് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർ ട്വിറ്ററിലൂടെ അറിയിച്ചു.
സിംഗിനെതിരായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെങ്കിലും ചാർജ്ഷീറ്റ് ഫയൽ ചെയ്ത് കേസ് കോടതിയിൽ എത്തിയതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി. സിംഗിനെതിരെ കോടതിയിൽ പോരാട്ടം തുടരുമെന്നും ഇവർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത താരങ്ങളെയടക്കം സിംഗ് ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതി ഉയർന്നതിന്റെ അഞ്ചാം മാസമാണ് താരങ്ങൾ പ്രത്യക്ഷ പ്രതിഷേധം അവസാനിപ്പിക്കുന്നത്.