ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ശരിയല്ലെന്ന് സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന് സാക്ഷി ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് ശേഷം സാക്ഷി മാലിക് റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ഇതോടെ സാക്ഷി മാലിക് സമരത്തിൽ നിന്ന് പിൻവാങ്ങിയെന്ന് വാർത്തകൾ വന്നിരുന്നു.
‘ഈ വാർത്ത പൂർണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് ഞങ്ങളിലാരും പിന്നോട്ടു പോയിട്ടില്ല. ഇനിയൊട്ടു പിൻമാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം, റെയിൽവേയിലെ എന്റെ ഉത്തരവാദിത്തം കൂടി നിർവഹിക്കുന്നു എന്നേയുള്ളൂ. നീതി ഉറപ്പാകുന്നതു വരെ ഞങ്ങൾ സമരം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ – സാക്ഷി സമരത്തിൽനിന്ന് പിൻമാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സാക്ഷി ട്വിറ്ററിൽ കുറിച്ചു.
സാക്ഷി സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ബജ്റങ് പൂനിയയും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ എഎൻഐ നൽകിയ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് നിഷേധക്കുറിപ്പ്. ‘‘സമരത്തിൽനിന്ന് പിൻവാങ്ങിയെന്ന വാർത്ത വെറും അഭ്യൂഹം മാത്രമാണ്. സമരമുഖത്തുള്ള ഞങ്ങളെ ഉപദ്രവിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. ഞങ്ങൾ സമരത്തെക്കുറിച്ച് പുനരാലോചന നടത്തുകയോ സമരത്തിൽനിന്ന് പിൻമാറുകയോ ചെയ്തിട്ടില്ല. എഫ്ഐആറുമായി ബന്ധപ്പെട്ട വാർത്തയും തെറ്റാണ്. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും’ – ബജ്റങ് പൂനിയ കുറിച്ചു.