ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ (നാഡ)നോട്ടീസ്. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. 14 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
ഇന്ത്യയിലെ കായിക മത്സരങ്ങളിലെ ഔദ്യോഗിക പരിശോധന ഏജന്‍സിയാണ് നാഡ. ഉത്തേജക വിരുദ്ധ ചട്ടമനുസരിച്ച് താരങ്ങളുടെ താമസ-പരിശീലന വിവരങ്ങള്‍ എല്ലാ മൂന്ന് മാസത്തിലും നാഡയെ അറിയിക്കണമെന്നാണ് ചട്ടം. നാഡ ഉദ്യോഗസ്ഥര്‍ പരിശീലകരെ എപ്പോള്‍ സമീപിച്ചാലും പരിശോധനയ്ക്ക് തയാറാകണം. എന്നാല്‍ കഴിഞ്ഞ ജൂണ്‍27ന് നാഡ ഉദ്യോഗസ്ഥന് താരത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് പരാതി. ടെലിഫോണില്‍ വിളിച്ചിട്ടും ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ല. കഴിഞ്ഞ മൂന്ന് മാസമായി താമസ-പരിശീലന വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെയുള്ള സമരം മുന്‍നിരയില്‍ നിന്ന് നയിച്ച താരങ്ങളില്‍ ഒരാളാണ് വിനേഷ് ഫോഗട്ട്. ഇതിന് പിന്നാലെ താരത്തിനെതിരെയുണ്ടായ നീക്കം ബോധപൂര്‍വ്വമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.