ന്യൂഡൽഹി: യാത്രക്കാരിക്ക് നൽകിയ സാൻഡ്വിച്ചിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യമന്ത്രാലയം.ഡിസംബർ 29 നാണ് ഡൽഹി-മുംബൈ വിമാനത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്ന് യുവതിക്ക് നൽകിയ സാൻഡ്വിച്ചിൽ പുഴുവിനെ കണ്ടെത്തിയത്.
‘ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോയ വിമാനത്തിൽ നൽകിയ ഭക്ഷണവുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായും പ്രോട്ടോക്കോൾ അനുസരിച്ച നോട്ടീസിന് മറുപടി നൽകുമെന്നും ഇൻഡിഗോ എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ കാര്യം പങ്കുവെച്ചത്.
സാൻഡ്വിച്ചിൽ പുഴുവിനെ കണ്ടെത്തിയ ഉടനെ വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ അത് കാര്യമാക്കിയില്ല. മറ്റ് യാത്രക്കാർക്കും കുട്ടികൾക്കുമുൾപ്പടെ നൽകുകയായിരുന്നെന്നും ഇവർ പറയുന്നു. കുട്ടികൾക്ക് പുറമെ പ്രായമായവരും വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ എന്തു ചെയ്യുമെന്നും യാത്രക്കാരി പറഞ്ഞിരുന്നു. യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷക്കും എയർലൈൻ മുൻഗണ നൽകണമെന്നും അവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഇന്‍ഡിഗോ എയര്‍ലൈനിനെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു യുവതി പോസ്റ്റ് പങ്കുവെച്ചത്.
യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി ഇൻഡിഗോ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും നടപടിയെടുക്കുമെന്നും ഇൻഡിഗോ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.