മുംബൈ: ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായുള്ള സന്നാഹ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ പത്ത് സന്നാഹ മത്സരങ്ങളാണ് അരങ്ങേറുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ്, എന്നിവിടങ്ങളാണ് വേദികൾ.
ഇന്ത്യയുടെ ഒരു മത്സരവും ഗ്രീൻഫീൽഡിൽ അരങ്ങേറും. ഒക്ടോബർ മൂന്നിനു നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ഗ്രീൻഫീൽഡിലെ സന്നാഹ മത്സരം. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ, 30നു ഓസ്ട്രേലിയ- നെതർലൻഡ്സ്, ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക പോരാട്ടങ്ങളാണ് ഗ്രീൻഫീൽഡിൽ അരങ്ങേറുന്ന മറ്റ് മൂന്ന് പോരാട്ടങ്ങൾ.
ഗുവാഹത്തിയിൽ ബംഗ്ലാദേശ്- ശ്രീലങ്ക, ഇന്ത്യ- ഇംഗ്ലണ്ട്, ഇംഗ്ലണ്ട്- ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ- ശ്രീലങ്ക മത്സരങ്ങൾ നടക്കും. ന്യൂസിലൻഡ്- പാകിസ്ഥാൻ, ഓസ്ട്രേലിയ- പാകിസ്ഥാൻ പോരാട്ടങ്ങളാണ് ഹൈദരാബാദിൽ അരങ്ങേറുന്നത്.
ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ. മത്സരത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിതരണം ചെയ്യുമെന്നു ബിസിസിഐ വ്യക്തമാക്കി.