ലഖ്നൗ: ദക്ഷിണാഫ്രിക്കയോട് കാണിച്ച ഹീറോയിസം ലങ്കയോട് പുറത്തെടുക്കാൻ നെതർലൻഡ്സിനായില്ല. 10 പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ശ്രീലങ്കൻ വിജയം. അർധസെഞ്ച്വറിയുമായി കളംനിറഞ്ഞു കളിച്ച സദീര സമരവിക്രമയാണ്(91*) ടീമിനെ വിജയതീരമണച്ചത്.
263 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ തുടക്കത്തിൽ തന്നെ ഞെട്ടിക്കാൻ നെതർലൻഡ്സിനായി. അഞ്ചാം ഓവറിൽ ഓപണർ കുശാൽ പെരേരയെ(അഞ്ച്) ആര്യൻ ദത്ത് വീഴ്ത്തി മികച്ചൊരു തുടക്കം നൽകി. അധികം വൈകാതെ നായകൻ കുശാൽ മെൻഡിസിനെയും(11) വീഴ്ത്തി ദത്ത് വീണ്ടും ലങ്കയ്ക്ക് ഷോക്ക് നൽകിയെങ്കിലും ഡച്ച് സന്തോഷത്തിന് അധികം ആയുസണ്ടായിരുന്നില്ല. മറുവശത്ത് പത്തും നിസങ്ക വെടിക്കെട്ട് ബാറ്റിങ്ങുമായി കത്തിക്കയറുകയായിരുന്നു.
സദീര സമരവിക്രമയെ സാക്ഷിനിർത്തിയുള്ള നിസങ്കയുടെ ആക്രമണം പോൾ വാൻ മീകെരൻ അവസാനിപ്പിച്ചു. 52 പന്തിൽ ഒൻപത് ബൗണ്ടറി സഹിതം 54 റൺസെടുത്താണ് നിസങ്ക മടങ്ങിയത്. എന്നാൽ, കൂട്ടുകെട്ട് തകർത്തെങ്കിലും മത്സരത്തിലേക്കു തിരിച്ചുവരാനുള്ള ഓറഞ്ച് പടയുടെ എല്ലാ നീക്കവും സദീര തകർത്തു. ആദ്യം ചരിത് അസലങ്കയുമായും(44) പിന്നീട് ധനഞ്ജയ ഡിസിൽവയുമായും(30) ചേർന്നു താരം ടീമിനെ വിജയതീരത്തേക്കു നയിച്ചു. ഒടുവിൽ ദുഷൻ ഹേമന്ത കോളിൻ അക്കർമാനെ ബൗണ്ടറിയിലേക്കു പറത്തി വിജയം കുറിക്കുമ്പോൾ മറുവശത്ത് സെഞ്ച്വറിക്ക് ഒൻപത് റൺസകലെ പുറത്താകാതെ നിൽക്കുകയായിരുന്നു സദീര സമരവിക്രമ. 107 പന്ത് നേരിട്ട് ഏഴ് ബൗണ്ടറി സഹിതമായിരുന്നു സദീരയുടെ 91 റൺസ്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത് ആറിന് 91 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലൻഡ്സിനെ സിബ്രാൻഡ് ഏഞ്ചൽബ്രെച്ചും ലോഗൻ വാൻ ബീക്കും ചേർന്നു പടുത്തുയർത്തിയ 130ന്റെ റെക്കോർഡ് കൂട്ടുകെട്ട് ആണ് രക്ഷിച്ചത്. ലോകകപ്പിൽ ഏഴാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടിൻറെ റെക്കോർഡാണ് ഇരുവരും ചേർന്നു സ്വന്തം പേരിലാക്കിയത്. വൻ തകർച്ച മുന്നിൽ കണ്ട നെതർലൻഡ്സിനെ അവിസ്മരണീയമായൊരു കൂട്ടുകെട്ടിലൂടെയാണ് സിബ്രാൻഡും വാൻ ബീക്കും ചേർന്നു കരകയറ്റിയത്. ടീം ടോട്ടൽ 91ൽ നിൽക്കെ ഒന്നിച്ച ഇരുവരും 221ലേക്ക് കൈപിടിച്ചുയർത്തിയ ശേഷമാണു പിരിഞ്ഞത്. അർധസെഞ്ച്വറികളുമായി സിബ്രാൻഡും(70) വാൻ ബീക്കും(59) ശരിക്കും ടീമിന്റെ രക്ഷകരാകുകയായിരുന്നു.