മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്. കോക്കിന് കൂട്ടിന് എയ്ഡൻ മാർക്രമും ഹെൻറിച്ച് ക്ലാസനും അറിഞ്ഞുകളിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോറിലെത്തി .
ഡി കോക്ക് ഇരട്ട സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും 174ൽ ഷാക്കീബ് അൽ ഹസൻ മടക്കി. 140 പന്തുകളിൽ നിന്ന് 15 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. രണ്ടിന് 36 എന്ന തകർന്ന നിലയിൽ നിന്നാണ് നായകൻ എയ്ഡൻ മാർക്രമിനെ കൂട്ടുപിടിച്ച് ഡി കോക്കിന്റെ രക്ഷാപ്രവർത്തനം. മാർക്രം 60 റൺസ് നേടി. ടീം സ്കോർ 167ൽ നിൽക്കെയാണ് മാർക്രമിനെ പുറത്താക്കി ബംഗ്ലാദേശ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ എത്തിയ ഹെൻറിച്ച് ക്ലാസൻ വന്നപാടെ അടി തുടങ്ങി സ്കോറിങ്ങിന് വേഗത കൂട്ടി. 90 റൺസാണ് ക്ലാസൻ നേടിയത്. 49 പന്തുകളിൽ നിന്ന് എട്ട് സിക്സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്സ്. അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു ക്ലാസൻ വീണത്.മില്ലറും മോശമാക്കിയില്ല. അവസാന ഓവറുകളിൽ ബംഗ്ലാദേശ് ബൗളർമാരെ മില്ലർ അടിച്ചിട്ടു. 15 പന്തിൽ നിന്ന് നാല് സിക്സറുകളും ഒരു ബൗണ്ടറിയും അടക്കം 34 റൺസാണ് മില്ലര്‍ നേടിയത്.
മാർക്കോ ജാൻസൺ ഒരു റൺസ് നേടി പുറത്താകാതെ നിന്നു. റീസ ഹെൻറിക്സ്(12) റസി വാൻ ദർ ഡസൻ(1) എന്നിവർ വേഗത്തിൽ മടങ്ങി. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി. എല്ലാ ബംഗ്ലാദേശി ബൗളർമാരും കണക്കിന് തല്ല് വാങ്ങി. മുസ്തഫിസുർ റഹ്മാൻ, ഷൊരീഫുൽ ഇസ്ലാം എന്നിവർ ഒമ്പത് ഓവറിൽ 76 റൺസാണ് വിട്ടുകൊടുത്തത്.