ലക്നോ: ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക. 134 റണ്‍സിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ഓസ്ട്രേലിയയുടെത് രണ്ടാം തോൽവിയും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 40.5 ഓവറിൽ 177 റണ്‍സെടുക്കാനെ സാധിച്ചുള്ളു.വലിയ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ മുന്നിൽ താളം കണ്ടെത്താനെ കഴിഞ്ഞില്ല. തുടക്കം മുതൽ ഓസ്ട്രേലിയയുടെ കരുത്തരായ ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
മിച്ചൽ മാർഷ് (7), ഡേവിഡ് വാർണർ (13), സ്റ്റീവ് സ്മിത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെൻ മാക്സ്വെൽ (3), മാർക്കസ് സ്റ്റോയ്നിസ് (5) എന്നിവർ വേഗത്തിൽ പവലിയനിലേക്ക് മടങ്ങിയപ്പോൾ മാർനസ് ലബുഷെയ്നു മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത്. 74 പന്തിൽ 46 റണ്‍സെടുത്ത ലബുഷെയ്നാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.
ഒരു ഘട്ടത്തിൽ 70-6 എന്ന നിലയിലായ ഓസീസിനെ ലബുഷെയ്നും മിച്ചൽ സ്റ്റാർക്കും ചേർന്നാണ് നൂറ് കടത്തിയത്. മിച്ചൽ സ്റ്റാർക്ക് 27 റണ്‍സും പാറ്റ് കമ്മിൻസ് 22 റണ്‍സും നേടി തോൽവിയുടെ ആഘാതം കുറച്ചു.ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസനും തബ്രൈസ് ഷംസിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും നേടി.
ദക്ഷിണാഫ്രിക്ക ഓപ്പണർ ഡി കോക്കിന്റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. നായകൻ ടെംബ ബവുമയോടൊപ്പം ചേർന്ന് സെഞ്ചുറി കൂട്ടുക്കെട്ടും ഡി കോക്ക് പടുത്തുയർത്തു. 108 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 55 പന്തിൽ 35 റണ്‍സെടുത്ത ബവുമയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്.
ബവുമയ്ക്കു പിന്നാലെ കളത്തിലെത്തിയ വാൻഡെർ ഡസൻ 26 റണ്‍സും നേടി. തുടർന്നെത്തിയ ഏയ്ഡൻ മാർക്രവും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. 35-ാം ഓവറിൽ ഡി കോക്ക് മടങ്ങി. 106 പന്തിൽ അഞ്ച് സിക്സും എട്ട് ഫോറും ഉൾപ്പെടെ 109 റണ്‍സാണ് ഡി കോക്ക് അടിക്കൂട്ടിയത്.
മാർക്രം 56 റണ്‍സും ക്ലാസൻ 29 റണ്‍സും മാർക്കോ ജാൻസൻ 26 റണ്‍സുമെടുത്ത് പുറത്തായി. ഓസ്ട്രേലിയയ്ക്കായി സ്റ്റാർക്കും മാക്സ് വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് രണ്ടും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.