മുംബൈ: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാന്പ്യൻമാരായ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക. 229 റണ്‍സിന്റെ തോൽവിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. സ്കോർ:- ദക്ഷിണാഫ്രിക്ക 399-7 (50), ഇംഗ്ലണ്ട് 170-10 (22).
ദക്ഷിണാഫ്രിക്ക ഉയർത്തിയ 400 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് അക്ഷരാർഥത്തിൽ ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ജോണി ബെയർസ്റ്റോ (10), ഡേവിഡ് മലാൻ (6), ജോ റൂട്ട് (2), ബെൻ സ്റ്റോക്സ് (5), ഹാരി ബ്രൂക്ക് (17), നായകൻ ജോസ് ബട്ലർ (15), ഡേവിഡ് വില്ലി (12), ആദിൽ റഷീദ് (10) എന്നിവർ വേഗം പവലിയൻ കയറി. നൂറ് റണ്‍സിനിടെ എട്ട് വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. വാലറ്റത്ത് ഗസ് അറ്റ്കിൻസണും മാർക്ക് വുഡും ചേർന്ന് തീർത്ത പ്രതിരോധമാണ് ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്. മാർക്ക് വുഡ് പുറത്താകാതെ 43 റണ്‍സും അറ്റ്കിൻസണ് 35 റണ്‍സും നേടി. റീസ് ടോപ്ലി പരിക്കുമൂലം ബാറ്റിംഗിനിറങ്ങിയില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോറ്റ്സി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡിയും മാർക്കോ ജാൻസണും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റണ്‍ ഡി കോക്ക് വെറും നാല് റണ്‍സെടുത്ത് പുറത്തായെങ്കിലും ഓപ്പണർ റീസ ഹെൻഡ്രിക്സ് മികച്ച തുടക്കം കുറിച്ചു. ഹെൻഡ്രിക്സ് 75 പന്തിൽ 85 റണ്‍സെടുത്തപ്പോൾ ഡ്യൂസൻ 60 റണ്‍സ് നേടി.പിന്നീട് നായകൻ എയ്ഡൻ മാർക്രവും ഹെയന്റിച്ച് ക്ലാസനും ചേർന്ന് സ്കോർ വേഗത്തിൽ ഉയർത്തി. മാർക്രം 42 റണ്‍സും ക്ലാസൻ 67 പന്തിൽ 109 റണ്‍സും നേടി. പിന്നീട് മാർക്കോ ജാൻസണും വെട്ടിക്കെട്ട് പ്രകടനം കാഴ്ചവ്ച്ചു. 42 പന്തിൽ 75 റണ്‍സായിരുന്നു ജാൻസന്റെ സന്പാദ്യം. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അറ്റ്കിൻസണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.