ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലന്റ് നെതർലൻഡ്സുമായി ഏറ്റുമുട്ടും. ലോകകപ്പിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയം നേടിയാണ് ന്യൂസിലന്റ് രണ്ടാം മത്സരത്തിന് എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായി. മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഡേവൻ കോൺവേയിലും രച്ചിൻ രവീന്ദ്രയിലുമാണ് ഇന്നും ടീമിന്റെ പ്രതീക്ഷകൾ. ആദ്യ മത്സരത്തിൽ പരിക്ക് മൂലം വിട്ട് നിന്ന നായകൻ കെയിൻ വില്യംസണും ടിം സൗത്തിയും ഇന്നും ടീമിലേക്ക് മടങ്ങിയെത്തിയേക്കില്ല. നിലവിലെ ചാമ്പ്യൻമാരെ തോൽപിച്ച് തുടങ്ങിയ കിവീസ് ഡച്ച് പടക്കെതിരെയും മികച്ച വിജയം തന്നെയാണ് ലക്ഷ്യമിടുക.
പാകിസ്താനെതിരെ ബൗളിങ്ങിൽ മികച്ച് നിന്നെങ്കിലും ബാറ്റർമാരുടെ പ്രടനമാണ് ആദ്യ മത്സരത്തിൽ നെതർലന്റ്സിന് തിരിച്ചടിയായത്. ബാറ്റർമാരായ സ്കോട്ട് എഡ്വേർഡും മാക്സ് ഒഡൗഡും ഫോം കണ്ടത്തേണ്ടത് മത്സര വിജയത്തിന് അനിവാര്യമാണ് ടീമിന്. വലിയ ടീമുകൾക്കെതിരെയുള്ള മത്സരത്തിലെ പരിചയക്കുറവാണ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
1996 ലോകകപ്പിൽ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ആ മത്സരത്തിൽ 116 റൺസിന് കിവീസ് അനായാസജയം കുറിച്ചു . കഴിഞ്ഞ വർഷം നടന്ന മൂന്നു മല്സരങ്ങൾ അടങ്ങിയ ദ്വിരാഷ്ട്ര പരമ്പര അടക്കം നാല് ഏകദിന മത്സരങ്ങളിലാണ് ഇരുടീമുകളും കളിച്ചിട്ടുള്ളത്. നാലിലും ന്യൂസിലാൻഡ് ജയിച്ചു.