ധരംശാല: ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ദക്ഷിണാഫ്രിക്കക്ക് 246 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു.
82 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്സിനെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 69 പന്തില്‍ പത്ത് ഫോറും ഒരു സിക്സും സഹിതം 78 റണ്‍സെടുത്തു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ വാന്‍ ഡെര്‍ മെര്‍വെ (19 പന്തില്‍ 29), ആര്യന് ദത്ത് (പുറത്താകാതെ 9 പന്തില്‍ 23) എന്നിവരുടെ ശ്രമവും സ്കോര്‍ ഈ നിലയ്ക്കെത്തിച്ചു. ഒപ്പം എക്സ്ട്രാ ഇനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ 32 റണ്‍സും നല്കി. വന്‍ ഡെര്‍ മെര്‍വെ മൂന്ന് ഫോറും ഒരു സിക്സും പറത്തി. ആര്യന് ദത്ത് മൂന്ന് സിക്സുകളും തൂക്കി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുന്‍ഗി എന്‍ഗിഡി, മാര്‍ക്കോ ജെന്സന്, കഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.