ധർമ്മശാല: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതർലാന്റ്സ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ഏകദിനലോകകപ്പിൽ മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കളിതീരാൻ ഒരേയൊരു പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക 38 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. നെതർലാന്റ്സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 റൺസിന് ഓൾഔട്ടായി. 2022 ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ 13 റൺസിന് നെതർലാന്റ്സ് തോൽപ്പിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം ഏകദിന ലോകകപ്പിൽ വിജയവും നേടി.
വമ്പന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് താരതമ്യേന ചെറുതെന്ന് തോന്നിയ ലക്ഷ്യം നേടാനിറങ്ങിയപ്പോൾ കൃത്യമായ ഇടവേളകളിൽ നെതർലെന്റ്സ് ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടേയിരുന്നു. 36 റൺസിന് ആദ്യ വിക്കറ്റ് വീണ ദക്ഷിണാഫ്രിക്കയ്ക്ക് തുടർന്ന് എട്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. വൻ തോൽവിയിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിയ സന്ദർഭത്തിൽ കേശവ് മഹാരാജ് (40) ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോർ ഒടുവിൽ നൽകിയത്.
ഡേവിഡ് മില്ലർ (43), ഹെൻറിച് ക്ളാസൺ (28), കോട്സെ (22), ക്വിന്റൺ ഡി കോക്ക് (22) എന്നിവർ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം ബാറ്റിംഗിൽ കാഴ്ചവച്ചത്. ലോഗൻ വാൻ ബീക്ക് (60 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ), പോൾ വാൻ മീക്കരൻ, റോൾഫ് വാൻ ഡർ മെർവ്, ബാസ് ഡെ ലീഡി എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കോളിൻ അക്കർമാൻ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി ഓറഞ്ച് പടയെ ബാറ്റിംഗിനയച്ച ദക്ഷിണാഫ്രിക്കൻ നായകൻ ബാവുമയുടെ തീരുമാനം മോശമായിരുന്നില്ല. 50 റൺസ് നേടുമ്പോഴേക്കും നാല് മുൻനിര ബാറ്റർമാർ കൂടാരം കയറി. നായകൻ സ്കോർട് എഡ്വേർഡ്സ് (69 പന്തിൽ 78), വാൻ ഡെർ മെർവ് (19 പന്തിൽ 29) എന്നിവരുടെ കിടിലൻ ബാറ്റിംഗാണ് ഓറഞ്ച് പടയ്ക്ക് മാന്യമായ സ്കോർ നൽകിയത്.