കൊൽക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സെമി ഉറപ്പാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ന് കൊൽക്കത്തയിൽ മുഖാമുഖം. ഏഴു കളിയും ജയിച്ചാണ് ഇന്ത്യയുടെ വരവ്. ദക്ഷിണാഫ്രിക്ക ഏഴിൽ ആറിലും ജയിച്ചു. ഒന്നിൽ തോറ്റു. ഇന്ന് ജയിക്കുന്ന ടീം ഒന്നാംസ്ഥാനക്കാരാകും. ഈ ലോകകപ്പിലെ കരുത്തരുടെ പോരാട്ടംകൂടിയാകും ഇത്.ഉച്ചക്ക് രണ്ടുമണിക്കാണ് ആരംഭിക്കുക.
പോരാട്ട ചരിത്രം ഇങ്ങനെ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും അഞ്ചു വട്ടമാണ് ലോകകപ്പിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 2011 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നേരിട്ട പരാജയം അടക്കം മൂന്നു വിജയങ്ങൾ ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിൽ ആണ്. എന്നാൽ കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ സ്ഥിതി മാറി. രണ്ടിലും ഇന്ത്യ ജയിച്ചു കയറി. അവസാനമായി ഇരുടീമുകളും കളിച്ച അഞ്ചു ഏകദിനങ്ങളുടെ കണക്ക് എടുത്താലും ദക്ഷിണാഫ്രിക്ക മൂന്നു ജയങ്ങളോടെ മേൽക്കൈ പ്രകടമാക്കുന്നുണ്ട്.൯൦ വട്ടം ഇരു ടീമുകളും ഏകദിനം കളിച്ചപ്പോൾ അൻപത്തെണ്ണത്തിൽ ദക്ഷിണാഫ്രിക്കയും 47 എണ്ണത്തിൽ ഇന്ത്യയും വിജയം നേടി. മൂന്നെണ്ണം മത്സരഫലമില്ലാതെ അവസാനിക്കുകയും ചെയ്തു.
2023 ലോകകപ്പിൽ ഇതുവരെ
ബാറ്റിലും പന്തിലും ഒരുപോലെ മികവുകാട്ടിയാണ് രോഹിത് ശർമയും കൂട്ടരും സെമി ഉറപ്പിച്ചത്. അവസാനകളിയിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞു. ദക്ഷിണാഫ്രിക്ക വമ്പൻമാരായ ന്യൂസിലൻഡിനെ 190 റണ്ണിനാണ് തോൽപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്താണ് ഈ ലോകകപ്പിലെ ആകർഷകമായ ഒരു ഘടകം. നാല് സെഞ്ചുറിയുമായി ക്വിന്റൺ ഡി കോക്ക് നയിക്കുന്ന ബാറ്റിങ് നിരയിൽ റാസി വാർ ഡെർ ദുസെൻ, എയ്ദൻ മാർക്രം, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ എന്നിവർ അണിനിരക്കുന്നു. ക്യാപ്റ്റൻ ടെംബ ബവുമ മാത്രമാണ് താളം കണ്ടെത്താത്തത്.
ഇന്ന് 35–പിറന്നാൾ ആഘോഷിക്കുന്ന വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ലോകകപ്പിൽ ഇന്ത്യയുടെ മികച്ച റണ്ണടിക്കാരനാണ്. സച്ചിൻ ടെൻഡുൽക്കറുടെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തിനൊപ്പമെത്താനുള്ള ശ്രമത്തിലാണ് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ 88 റണ്ണിൽ പുറത്തായി. 95, 85 സ്കോറുകളും ഈ ലോകകപ്പിൽ വലംകൈയൻ ബാറ്റർ നേടി. ക്യാപ്റ്റൻ രോഹിത് ശർമ, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിങ്ങനെ നീളും ബാറ്റിങ് നിര.
ജസ്പ്രീത് ബുമ്ര–-മുഹമ്മദ് ഷമി–-മുഹമ്മദ് സിറാജ് പേസ് ത്രയം എതിരാളികളുടെ പേടിസ്വപ്നമാണ്. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മികവ് തുടരുന്നു. സ്പിന്നിന് അനുകൂലമാണ് ഈഡൻഗാർഡൻസിലെ പിച്ച്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല.ഡി കോക്കിനെ തടയുക എന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി. ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിര ഇതുവരെ കാര്യമായ പരീക്ഷണം നേരിട്ടിട്ടില്ല. മാർകോ ജാൻസെനാണ് ബൗളിങ് നിരയിലെ പ്രധാനി.