ബെംഗളൂരു : ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാംസ്ഥാനത്തോടെ സെമിയിലെത്തിയ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളി അവസാന സ്ഥാനത്തുള്ള നെതർലൻഡ്സാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പകൽ രണ്ടിനാണ് മത്സരം. ന്യൂസിലൻഡുമായുള്ള സെമിക്ക് മുമ്പ് മികച്ച ഒരുക്കമാണ് ഇന്ത്യയുടെ ലക്ഷ്യം.
ബംഗളൂരുവിൽ രണ്ടുദിവസമായി തെളിഞ്ഞ കാലാവസ്ഥയാണ്. റണ്ണൊഴുകുന്ന പിച്ചിൽ ടോസ് നേടുന്ന ടീം ബാറ്റ് ചെയ്യാനാണ് സാധ്യത. സെമിക്കുമുമ്പ് കോഹ്ലി അടക്കമുള്ള മുൻനിര താരങ്ങൾക്ക് വിശ്രമം നൽകുമോയെന്നായിരുന്നു ആകാംക്ഷ. എന്നാൽ, അതിനുള്ള സാധ്യത വിരളമാണെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം കിട്ടിയിട്ടുണ്ടെന്നും ജയിച്ചുകൊണ്ടിരിക്കുന്ന ടീമിൽ ബോധപൂർവമുള്ള മാറ്റം വേണ്ടെന്നുമാണ് ദ്രാവിഡിന്റെ നിലപാട്. അതിനാൽ ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്.
കളിയുടെ ഫലത്തിന് പ്രസക്തിയില്ല. പക്ഷേ തോൽവി ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ചിന്തയുണ്ട്. അതിനാൽ ഒമ്പതാംജയത്തോടെ സെമിക്കായി മുംബൈയിലേക്ക് പറക്കാനാകും ഇന്ത്യ ആഗ്രഹിക്കുക. ഓൾറൗണ്ട് മികവാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റും പന്തും ഒരുപോലെ കളംവാഴുന്ന കാഴ്ച. ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയാണ് ശ്രദ്ധാകേന്ദ്രം. ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ താരമാണ് കോഹ്ലി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയമായൊരു റെക്കോഡിന് ഒറ്റ സെഞ്ചുറി അകലെയാണ് കോഹ്ലി. സെഞ്ചുറിയുടെ അർധസെഞ്ചുറി. സച്ചിൻ ടെൻഡുൽക്കറിനൊപ്പം 49 സെഞ്ചുറിയായി മുൻ ക്യാപ്റ്റന്. ചിന്നസ്വാമി സ്റ്റേഡിയം കാത്തിരിക്കുന്നതും മുൻ നായകന്റെ വെടിക്കെട്ടാണ്.
നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ 38 റണ്ണിനും ബംഗ്ലാദേശിനെ 87 റണ്ണിനും തോൽപ്പിച്ചവരാണ്. ബാക്കി ആറിലും തോറ്റു. അവർക്ക് എണ്ണംപറഞ്ഞ ബൗളർമാരുണ്ട്. 14 വിക്കറ്റെടുത്ത ഇരുപത്തിമൂന്നുകാരൻ ഓൾറൗണ്ടർ ബാസ് ഡി ലീഡി, 12 വിക്കറ്റുള്ള ലോഗൻ വാൻ ബീക്, 11 പേരെ പുറത്താക്കിയ പോൾ വാൻ മീകെറൻ എന്നിവർ ഏത് ബാറ്റിങ് നിരയെയും പിടിച്ചുലയ്ക്കാൻ ശേഷിയുള്ളവരാണ്. പേസർക്കൊപ്പം പുതിയ പന്തെടുക്കുന്ന സ്പിന്നർ ആര്യൻ ദത്തിന് 10 വിക്കറ്റുണ്ട്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡച്ചുകാരുടെ പോരായ്മ. ഇന്ത്യൻ വംശജനായ ഓപ്പണർ വിക്രംജിത് സിങ്, ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ്, കോളിൻ അക്കർമാൻ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രമുഖർ.