ലഖ്നൗ: ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അടിയറവ് പറഞ്ഞ് ലോകചാമ്പ്യന്മാർ. ഇന്ത്യയോട് വമ്പൻ തോൽവി വഴങ്ങിയതോടെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു. 100 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. 230 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇംഗ്ലണ്ടിന് ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 34.5 ഓവറിൽ 129ന് ഓൾ ഔട്ടായി.
ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. 230 ന് ഇന്ത്യയെ എറിഞ്ഞ് ഒതുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. എന്നാൽ തുടക്കം തന്നെ പിഴച്ചു. അഞ്ചാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മാലനെ (16) ബുമ്ര ബൗൾഡാക്കി. തൊട്ടടുത്ത പന്തിൽ ജോ റൂയും (0) ബുമ്രയ്ക്ക് മുന്നിൽ വീണു. എട്ടാം ഓവറിൽ ബെൻ സ്റ്റോക്സിനെ (0) ഷമി ബൗൾഡാക്കി. പിന്നാലെ ഷമിയുടെ ബോളിൽ ജോണി ബെയർസ്റ്റോയും (14) കൂടാരം കയറി. പിന്നീട് വന്ന ആർക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.
ലിയാം ലിവിങ്സ്റ്റൻ (27) മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ജോസ് ബട്ലർ (10), മൊയീൻ അലി (15), ക്രിസ് വോക്സ് (10), ആദിൽ റഷീദ് (13), മാർക് വുഡ്( 0) എന്നിവർ പുറത്തായി. 16 റൺസുമായി ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. 4 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും 3 വിക്കറ്റ് നേടിയ ബുമ്രയുമായി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.