അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും അഹമ്മദാബാദ് നഗരത്തിലും കനത്ത സുരക്ഷ. 6,000 സുരക്ഷാഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും മത്സരം കാണാനെത്തുമെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജി.എസ്. മാലിക് അറിയിച്ചു.
6,000 ഉദ്യോഗസ്ഥരിൽ, ഏകദേശം 3,000 പേർ സ്റ്റേഡിയത്തിനകത്തും മറ്റുള്ളവരെ കളിക്കാരും മറ്റ് വിശിഷ്ട വ്യക്തികളും താമസിക്കുന്ന ഹോട്ടലുകൾ പോലുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമാണ് വിന്യസിക്കുകയെന്ന് മാലിക് അറിയിച്ചു.ഗുജറാത്ത് പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF), ഹോം ഗാർഡുകൾ തുടങ്ങിയവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ആർഎഎഫിന്റെ ഒരു കമ്പനി സ്റ്റേഡിയത്തിനകത്തും ഒരു കമ്പനിയെ സ്റ്റേഡിയത്തിന് പുറത്തും വിന്യസിക്കും.
ഐജി, ഡിഐജി റാങ്കിലുള്ള നാല് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും 23 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) റാങ്കിലുള്ള ഉദ്യോഗസ്ഥരും സുരക്ഷാ മേൽനോട്ടം വഹിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും. ഇവരെ സഹായിക്കാൻ 39 അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാരും 92 പോലീസ് ഇൻസ്പെക്ടർമാരും ഉണ്ടാകും.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളെ നഗരത്തിൽ വിന്യസിക്കുമെന്നും അഹമ്മദാബാദ് പോലീസ് മേധാവി പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ 10 ടീമുകളും ചേതക് കമാൻഡോസിന്റെ രണ്ട് ടീമുകളും സ്റ്റേഡിയത്തിന് സമീപം നിലയുറപ്പിക്കും. ഇന്ത്യൻ എയർഫോഴ്സിന്റെ സൂര്യ കിരൺ എയ്റോബാറ്റിക്സ് ടീം മത്സരത്തിന് മുന്നോടിയായി എയർ ഷോ നടത്തും. 1.32 ലക്ഷം ശേഷിയുള്ള സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.