ധർമശാല: ഏകദിന ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 364 റൺസ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഡേവിഡ് മലാന്റെ സെഞ്ച്വറി (140) മികവിലാണ് ടീം വമ്പൻ സ്കോർ നേടിയത്. ഓപ്പണറായ ജോണി ബെയർസ്റ്റോയും (52), വൺഡൗണായെത്തിയ ജോ റൂട്ടും (82) അർധ സെഞ്ച്വറി നേടി.
ബംഗ്ലാദേശിനായി ആദ്യ വിക്കറ്റ് വീഴ്ത്തിയത് നായകൻ ഷാക്കിബുൽ ഹസനാണ്. ജോണി ബെയർസ്റ്റോയെ ബൗൾഡാക്കുകയായിരുന്നു താരം. സെഞ്ച്വറി താരം ഡേവിഡ് മലാനെ മെഹ്ദി ഹസൻ ബൗൾഡാക്കി. അർധശതകം നേടി റൂട്ടിനെ ഷെരീഫുൽ ഹസൻ മുഷ്ഫിഖുറഹീമിന്റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം ആർക്കും കാര്യമായി തിളങ്ങാനായില്ല. നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ലറും ഹാരി ബ്രൂക്കും 20 റൺസ് മാത്രം നേടി. ലിയാം ലിവിങ്സ്റ്റൺ പൂജ്യത്തിന് പുറത്തായി. സാം കരൺ (11), ക്രിസ് വോക്സ്(14), ആദിൽ റഷീദ് (11) എന്നിവരും പെട്ടെന്ന് മടങ്ങി. മാർക് വുഡ് (6) റീസി ടോപ്ലേ (1) എന്നിവർ പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി മെഹ്ദി ഹസൻ നാലും ഷെരീഫുൽ ഇസ്ലാം മൂന്നും വിക്കറ്റ് വീഴ്ത്തി. ഷാക്കിബുൽ ഹസനും തസ്കിൻ അഹമ്മദും ഓരോ വിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ഇന്ന് നടക്കുന്ന പാകിസ്താനെതിരെയുള്ള മത്സരത്തിൽ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ടീം 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസടിച്ചു. ഓപ്പണറായ കുശാൽ പെരേര പൂജ്യത്തിന് പുറത്തായി.