ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ ജയം. 309 റൺസിനായിരുന്നു കങ്കാരുപ്പടയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിനെ 21 ഓവറിൽ 90 റൺസിന് പുറത്താക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസീസ് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തി.
ആദ്യ ടോസ് നേടി ബാറ്റിങ്ങിനിറങ്ങി ഓസ്ട്രേലിയ ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും സെഞ്ചുറികളുടെ ബലത്തിലാണ് കൂറ്റൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സ് നിരയിൽ 25 റണ്‍സ് നേടിയ വിക്രം സിങ്ങാണ് ടോപ് സ്കോറർ. കോളിന് ആക്കര്മാന് (10), സിബ്രന്‍ഡ് എംഗൽ ബ്രെക്റ്റ് (11), സ്കോട്ട് എഡ്വേര്‍ഡ്സ് (പുറത്താവാതെ 12) തേജ നിദമനുരു (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഡച്ച് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് സാംപ വഴങ്ങിയത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മാക്സ് വെലിന്റെയും മികവിലാണ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. ഇരുവരും സെഞ്ച്വറി നേടി. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 399 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് നേടിയത്. 11 ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ 93 പന്തില്‍ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്. തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ച്ചലിനെ നഷ്ടപ്പെട്ടെങ്കിലും സ്റ്റീവ് സ്മിത്തിന്റെ പിന്തുണയോടെ ഓസ്ട്രേലിയ സ്കോര്‍ പടുത്തുയര്‍ത്തുന്നതാണ് കണ്ടത്. സ്റ്റീവ് സ്മിത്ത് 68 പന്തിലാണ് 71 റണ്‍സ് നേടി.