ദുബൈ: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അഴിമതി മുക്തമായതുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിനിമം ഗവണ്മെന്റ് മാക്സിം ഗവര്ണന്സ് എന്നതാണ് വര്‍ഷങ്ങളായി തന്റെ ആശയമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎഇ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ലോക ഗവണ്മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്.ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുവികാരങ്ങള്‍ക്ക് മുന്‍ഗണന നല്കിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നി നിലകളില്‍ താന്‍ 23 വര്‍ഷം സര്‍ക്കാരില്‍ ചെലവഴിച്ചു. ‘മിനിമം ഗവണ്മെന്റ്, മാക്സിമം ഗവര്ണന്സ്’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.സാമൂഹികവും സാമ്പത്തികവുമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 50 കോടിയിലധികം ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തിയതായും മോദി പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന, അഴിമതി രഹിതവുമായ ഗവണ്മെന്റുകളാണ് ഇന്ന് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ലോകം ആധുനികതയിലേക്ക് പുരോഗമിക്കുന്നു, മറുവശത്ത്, മുന്‍ നൂറ്റാണ്ടുകളില്‍ നിന്നുള്ള വെല്ലുവിളികള്‍ തീവ്രമാവുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.