മുംബൈ : നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ആശ്വാസമായി നെതർലൻഡ്സിന് എതിരായ വിജയം. 160 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്സ് 37.2 ഓവറില്‍ 179 റണ്‍സിന് ഓള് ഔട്ടായി. ബെൻ സ്റ്റോക്സിന്റെ സെഞ്ച്വറി മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 2023 ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ വിജയമാണിത്.
ഇംഗ്ലണ്ട് ഉയർത്തിയ റൺമല താണ്ടാൻ നെതർലൻഡ്സ് ആദ്യം മുതൽ ബുദ്ധിമുട്ടുകയായിരുന്നു. 41 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് ടീമിന്റെ ടോപ് സ്കോറര്‍. സ്കോട്ട് എഡ്വാര്‍ഡ്സ് (38), ഓപ്പണര്‍ വെസ്ലി ബരേസി (37), സിബ്രൻഡ് എംഗൽബ്രെക്റ്റ് (33) എന്നിവരും മികച്ച മുന്നേറ്റം നടത്തി. എന്നാൽ ഇംഗ്ലണ്ടിന്റെ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാൻ ടീമിനായില്ല. 16 റണ്‍സിനിടെ അവസാന നാലുവിക്കറ്റുകള്‍ വീഴുകയായിരുന്നു.
ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്സ് ഒരുവിക്കറ്റൈടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ഓപ്പണർ ജോണി ബെയര്‍സ്റ്റോയെ നഷ്ടപ്പെട്ടു. പിന്നീട് എത്തിയ ജോ റൂട്ടുമായി ചേർന്ന് ഡേവിഡ് മാലൻ സ്കോർ 133ൽ എത്തിച്ചു. മാലൻ 78ൽ കളി അവസാനിപ്പിച്ചു. പിന്നീട് എത്തിയ ബെൻ സ്റ്റോക്സ് കൂറ്റൻ അടികളോടെ കളി കൈപ്പിടിയിലാക്കുകയായിരുന്നു. 84 പന്തില്‍ ആറ് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 108 റണ്‍സെടുത്തു.