ധരംശാല : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസീസ് ഉയർത്തിയ 389 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 383റൺസിൽ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ നാലാം ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് രചിന് രവീന്ദ്രയുടെ സെഞ്ച്വറി മികവിൽ വിജയത്തിന് അടുത്തുവരെ എത്തിയതാണ്. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. ഓപ്പണർമാരായ ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേര്‍ന്ന് 61 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത കോണ്‍വെയാണ് ആദ്യം പുറത്തായത്. പിന്നാലെ 32 റണ്‍സുമായി യങ്ങും മടങ്ങി.
മൂന്നാം വിക്കറ്റില്‍ രചിന് രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്നതോടെ കിവീസ് വമ്പൻ മുന്നേറ്റം നടത്തി. 89 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 116 റണ്‍സാണ് രചിൻ നേടിയത്. 51 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 54 റണ്‍സുമായി മിച്ചല്‍ മടങ്ങി. പിന്നാലെയിറങ്ങിയ ക്യാപ്റ്റൻ ടോം ലാതത്തിനും (22 പന്തിൽ 21), ഗ്ലെൻ ഫിലിപ്സിനും (16 പന്തിൽ 12) രചിന് രവീന്ദ്രയ്ക്ക് വലിയ പിന്തുണകൊടുക്കാനായില്ല. 41ാം ഓവറിലാണ് രവീന്ദ്ര മടങ്ങിയത്.
ഏഴാമനായിറങ്ങിയ ജമ്മി നീഷം ആണ് പിന്നീട് കളി മുന്നോട്ടുകൊണ്ടുപോയത്. വാലറ്റത്തെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ കത്തിക്കയറി. ന്യൂസീലൻഡ് ജയിക്കുമെന്ന പ്രതീതിയുണ്ടായി. എന്നാൽ കളി തീരാൻ ഒരു പന്തുശേഷിക്കേ നീഷം റണ്ണൗട്ടാവുകയായിരുന്നു. 39 പന്തിൽ മൂന്നുവീതം സിക്സും ഫോറും സഹിതം 58 റൺസാണ് നീഷം നേടിയത്. മിച്ചൽ സാന്റ്നർ (17), മാറ്റ് ഹെൻറി (9), ട്രെന്റ് ബോൾട്ട് (10*), ലോക്കി ഫെർഗൂസൻ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ഓസ്ട്രേലിയയ്ക്കായി ആദം സാംപ 3 വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമിൻസ് എന്നിവർ രണ്ട് വിക്കറ്റു വീതവും ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റും നേടി.