ബംഗളൂരു : നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആറാട്ട്. മുന്‍നിരയിലെ ആദ്യ അഞ്ച് താരങ്ങളും അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്കോര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ കിടയറ്റ സെഞ്ച്വറിയുമായി അമരത്ത് കയറി. ഏകദിനത്തില്‍ നാലാം സെഞ്ച്വറിയുമായി താരം കളം വാണു. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയില്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വറി കുറിച്ചു. രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് ശ്രേയസ് ശതകം കുറിച്ചത്.
84 പന്തിലാണ് ശ്രേയസ് 100 എത്തിയത്. താരം 9 ഫോറും രണ്ട് സിക്സും പറത്തി. നിലവിൽ 102 റൺസുമായി നിൽക്കുന്നു. രാഹുൽ 81 റൺസുമായി ഒപ്പം.
കോഹ്ലി 56 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 51 റണ്‍സെടുത്താണ് മടങ്ങിയത്. 50ാം സെഞ്ച്വറി നേടി താരം റെക്കോര്‍ഡിടുമെന്നു പ്രതീക്ഷിച്ചെങ്കിലും പാതി വഴിയില്‍ അവസാനിച്ചു.
നേരത്തെ അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 100 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിത് 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതം 61 റണ്‍സ് നേടി മടങ്ങി.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതിവേഗ തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു ഇന്ത്യക്ക് നല്‍കിയത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഗില്‍ മടങ്ങി.
ഗിലാണ് ആദ്യം അര്‍ധ ശതകം പിന്നിട്ടത്. കോഹ്ലിയെ സാക്ഷിയാക്കിയാണ് രോഹിത് 55ാം ഏകദിന അര്‍ധ സെഞ്ച്വറി നേടിയത്. 44 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതമാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി. ബൗണ്ടറിയടിച്ചാണ് താരം 50 പിന്നിട്ടത്.
ഗില്‍ 30 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 50 റണ്‍സെടുത്തു. 32 പന്തില്‍ 51 റണ്‍സെടുത്ത് പിന്നാലെ താരം ഔട്ടായി. വാന്‍ മീകരനാണ് കൂട്ടുകെട്ടു പൊളിച്ചത്.