അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിനു ജയിക്കാന്‍ 283 റണ്‍സ്. ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
കൃത്യമായ ഇടവേളകളികളില്‍ വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്കോര്‍ നേടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തിനു തിരിച്ചടിയായി. 86 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറര്‍.
മികച്ച തുടക്കമാണ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനു നല്‍കിയത്. എന്നാല്‍ സഹ ഓപ്പണര്‍ ഡേവിഡ് മാലനു പിടിച്ചു നില്ക്കാന് സാധിച്ചില്ല. സ്കോര്‍ 40ല്‍ നില്‍ക്കെ ഇംഗ്ലണ്ടിനു മാലനെ നഷ്ടമായി. താരം 14 റണ്‍സുമായി മടങ്ങി.
പിന്നീടെത്തിയ ജോ റൂട്ട് ഒരറ്റം കാത്തു. അതിനിടെ ഹാരി ബ്രൂക് (25), മൊയീന്‍ അലി (11) എന്നിവരേയും ഇംഗ്ലണ്ടിനു നഷ്ടമായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര് റൂട്ടിനു കൂട്ടായി എത്തിയതോടെയാണ് ഇംഗ്ലണ്ട് ട്രാക്കിലായത്. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
രണ്ട് വീതം സിക്സും ഫോറും സഹിതം ബട്ലര് 42 പന്തില്‍ 43 റണ്‍സെടുത്തു. ബട്ലര് മടങ്ങിയതിനു പിന്നാലെ എത്തിയ ലിയാം ലിവിങ്സ്റ്റന് (20) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. ഏഴാം വിക്കറ്റായി ജോ റൂട്ടും മടങ്ങി.
സാം കറന് (14), ക്രിസ് വോക്സ് (11) എന്നിവരും അധികം ക്രീസില്‍ നിന്നില്ല. പുറത്താകാതെ നിന്ന ആദില്‍ റഷീദ് (15), മാര്‍ക് വുഡ് (13) എന്നിവര്‍ ചേര്‍ന്ന് പൊരുതാവുന്ന സ്കോറിലേക്ക് ഇംഗ്ലീഷ് സ്കോര്‍ എത്തിച്ചു.
ന്യൂസിലന്‍ഡിനായി മാര്‍ക്ക് ഹെന്റി മികച്ച ബൗളിങ് നടത്തി. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ച സാന്റ്നറും തിളങ്ങി. താരം രണ്ട് വിക്കറ്റുകളെടുത്തു. ഗ്ലെന്‍ ഫിലിപ്സും രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, രചിന് രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.