ബംഗളൂരു : ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയോടും തോറ്റ് പാകിസ്ഥാന്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് പാകിസ്ഥാന് വീണപ്പോള്‍ തുടര്‍ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 62 റണ്‍സിനാണ് ഓസീസ് ജയം. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ മുന്നില്‍ വച്ചു. പാക് പോരാട്ടം 45.3 ഓവറില്‍ 305 റണ്‍സില്‍ അവസാനിച്ചു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് ഓസ്ട്രേലിയക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് അവര്‍ക്ക് ആ മികവ് കൊണ്ടു പൊകാന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു.
പാക് ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പോരാട്ടം നയിച്ചത്. ഇരു ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറിയും നേടി. ഒടുവില്‍ കൂട്ടുകെട്ട് പൊളിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് മുതല്‍ കളി മെല്ലെ ഓസീസ് വരുതിയിലേക്ക് മാറി.
ഓപ്പണിങില്‍ പാകിസ്ഥാന് 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 61 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 64 റണ്‍സെടുത്ത് ഓപ്പണര്‍ അബ്ദുല്ല ഷഫീഖാണ് ആദ്യം മടങ്ങിയത്. 20 റണ്‍സ് കൂടി ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും രണ്ടാം ഓപ്പണറും മടങ്ങി. ഇമാം ഉള് ഹഖ് 71 പന്തില്‍ പത്ത് ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു.
പിന്നീട് എത്തിയവറില്‍ മുഹമ്മദ് റിസ്വാന്, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരും പൊരുതാന്‍ തുടങ്ങിയെങ്കിലും അതൊന്നും മതിയായില്ല. റിസ്വാന് 40 പന്തില്‍ 46 റണ്‍സെടുത്തു. സൗദ് 30 റണ്‍സും ഇഫ്തിഖര്‍ മൂന്ന് സിക്സുകളടക്കം തൂക്കി 26 റണ്‍സും വാരി. മറ്റൊരാളും കാര്യമായ സംഭാവന നല്‍കിയില്ല. ക്യാപ്റ്റന്‍ ബാബര്‍ അസം 18 റണ്‍സുമായി മടങ്ങി.
ഓസ്ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടി പാകിസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍- മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ മികച്ച സ്കോറാണ് ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഒരു താരവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തത് പാകിസ്ഥാന് രക്ഷയായി. അല്ലെങ്കില്‍ സ്കോര്‍ 400 കടക്കുമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം 259 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് കളം വിട്ടത്.
വെടിക്കെട്ട് ബാറ്റിങാണ് ഓസീസ് ഓപ്പണര്‍മാര്‍ നടത്തിയത്. വാര്‍ണറും മാര്‍ഷും സെഞ്ച്വറി നേടി കളം വിട്ടു. വാര്‍ണര്‍ 124 പന്തില്‍ 14 ഫോറും ഒന്‍പത് സിക്സും സഹിതം വാരിയത് 163 റണ്‍സ്. മാര്‍ഷ് 108 പന്തില്‍ പത്ത് ഫോറും ഒന്‍പത് സിക്സും സഹിതം നേടിയത് 121 റണ്‍സ്.
പിന്നീടെത്തിയവരില്‍ മാര്‍ക്കസ് സ്റ്റോയിനിസ് (21), ജോഷ് ഇംഗ്ലിസ് (13) എന്നിവര്‍ മാത്രം രണ്ടക്കം കടന്നു. ഇന്നിങ്സിലെ മൂന്നാമത്തെ വലിയ സ്കോര്‍ പാക് ബൗളര്‍മാര്‍ നല്കിയ എക്സ്ട്രാ റണ്‍സ് ആണ്. 25 റണ്‍സാണ് ഇങ്ങനെ ഓസീസിന് കിട്ടിയത്.
തുടക്കത്തില്‍ തല്ല് വാങ്ങിയ ഹാരിസ് റൗഫ് അടക്കമുള്ള ബൗളര്‍മാര്‍ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ബാറ്റിങിനെ പിടിച്ചു നിര്‍ത്തി. പാക് നിരയില്‍ ഷഹീന് ഷാ അഫ്രീദി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. റൗഫ് മൂന്ന് വിക്കറ്റും വീഴ്ത്തി. ഉസാമ മിര്‍ ഒരു വിക്കറ്റെടുത്തു.