ന്യൂഡൽഹി: വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. ഗ്രൂപ്പിൽ ഒന്നാമതായാണ് ഡൽഹി ഫൈനലിലെത്തിയത്. ബാംഗ്ലൂരാകട്ടെ പ്ലേഓഫിൽ മുംബൈയെ മറികടന്നു. ഏത് ടീം കിരീടം നേടിയാലും വനിത പ്രീമിയർ ലീഗിന് പുതിയ അവകാശികളാകും. പുരുഷ ഐപിഎൽ 22ന് തുടങ്ങാനിരിക്കെയാണ് വനിത പ്രീമിയർ ലീഗിന്റെ ഫൈനൽ നടക്കുന്നത്. 16 വർഷം ടൂർണമെന്റ് കളിച്ചിട്ടും ബാംഗ്ലൂരിന്റെ പുരുഷ ടീമിന് സാധിക്കാത്തത് സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള വനിത ടീമിന് സാധിക്കുമോ എന്നതാണ് ആകാംശ.
ഫൈനൽ മത്സരം നടക്കുമ്പോൾ കേരളവും പ്രതീക്ഷയിലാണ്. കിരീടം ഏതു ടീം നേടിയാലും അതിൽ കേരളത്തിന്റെ മുദ്ര പതിയും. ആരു തോറ്റാലും അതിൽ കേരളത്തിന്റെ കണ്ണീരുമുണ്ടാകും. മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്.
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടും കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് കപ്പ് നഷ്ടമായതിന്റെ നിരാശ മറികടക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ വരവ്. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിനായിരുന്നു ഡൽഹിയുടെ തോൽവി. ക്യാപ്റ്റൻ മെഗ് ലാനിങ് നയിക്കുന്ന ബാറ്റിങ് നിരതന്നെയാണ് ഡൽഹിയുടെ ശക്തി. ഷെഫാലി വർമ, താനിയ ഭാട്ടിയ, ജമൈമ റോഡ്രിഗസ് എന്നിവരടങ്ങിയ ടോപ് ഓർഡർ ഏതു ബോളിങ് നിരയ്ക്കും വെല്ലുവിളിയാണ്. മരിസെയ്ൻ കാപ്, ജെസ് ജൊനാസൻ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവർ ഉൾപ്പെട്ട ബോളിങ് നിരയും മികച്ച ഫോമിലാണ്. മധ്യനിരയിൽ അലിസ് കാപ്സി, അന്നബൽ സതർലൻഡ് എന്നിവർ കൂടി ചേരുമ്പോൾ ഡൽഹി ഡബിൾ സ്ട്രോങ്.
മുംബൈയെ അട്ടിമറിച്ച് ഫൈനലിലെത്തിയ സ്മൃതി മന്ഥനയ്ക്കും സംഘത്തിനും ഡൽഹി കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. ക്യാപ്റ്റൻ സ്മൃതി മന്ഥന, ഓൾറൗണ്ടർമാരായ എലിസ് പെറി, സോഫി ഡിവൈൻ എന്നിവരെ മാറ്റിനിർത്തിയാൽ ടൂർണമെന്റിൽ ഉടനീളം സ്ഥിരത പുലർത്തിയ താരങ്ങൾ ബാംഗ്ലൂരിനില്ല. എന്നാൽ നിർണായക മത്സരങ്ങളിൽ ടീമിലെ ആരെങ്കിലും മാച്ച് വിന്നറുടെ റോളിൽ എത്തുമെന്ന പതിവ് ഫൈനലിലും തുടർന്നാൽ ഇത്തവണ കിരീടം ബാംഗ്ലൂർ കാബിനിൽ ഇരിക്കും.