മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെ 258ല്‍ ഒതുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഓസീസിന്റെ കുതിപ്പിന് ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 258 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓസീസിനായി ലിച്ഫീല്‍ഡ് (63), എല്ലിസ് പെറി (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഒരു ഘട്ടത്തില്‍ ഓസീസ് മൂന്നിന് 133 റണ്‍സെന്ന നിലയിലായിരുന്നു. 17 പന്തില്‍ 28 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലന കിങാണ് സ്കോര്‍ 250 കടത്തിയത്. താരം മൂന്ന് സിക്സുകള്‍ തൂക്കി.
ഇന്ത്യക്കായി ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാകര്‍, അങ്ങേറ്റക്കാരി ശ്രേയങ്ക പാട്ടീല്‍, സ്നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ആദ്യം മത്സരം തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ ഓസീസിനു പരമ്പര സ്വന്തമാക്കാം.