മുംബൈ : ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾ. വാങ്കഡെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ മൂന്ന് റണ്‍സിന് തോറ്റു.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി റിച്ച ഘോഷ് തിളങ്ങി. 117 പന്തിൽ 96 റണ്‍സ് സ്വന്തമാക്കിയാണ് താരം പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് പടുതുയർത്തിയ 258 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മധ്യനിരയിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ശേഷമാണ് ഇന്ത്യയുടെ തകർച്ച.
ജമീമ റോഡ്രിഗസ് 55 പന്തിൽ 44 റണ്‍സ് സ്വന്തമാക്കിയിരുന്നു. സ്മൃതി മന്ദാന 38 പന്തിൽ 34 റണ്‍സുമായി മികച്ച സംഭാവനകൾ നല്‍കിയെങ്കിലും കൈ അകലത്ത് വിജയം നഷ്ടപ്പെടുകയായിരുന്നു.
നേരത്തെ, ഫീബി ലിച്ച്ഫീൽഡിന്റെയും എല്ലിസ് പെറിയുടെയും അർധസെഞ്ചുറികളാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ദീപ്തി ശർമ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. മൂന്ന് വിക്കറ്റും 23 റണ്‍സുമായി തിളങ്ങിയ അന്നബെൽ സതർലാൻഡാണ് കളിയിലെ താരം.