കൊല്‍ക്കത്ത : ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന ചില വനിതകള്‍ തടവുകാലത്ത് ഗര്‍ഭിണിയാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഇതിനകം 196 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായും അമിക്കസ് ക്യൂറി കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ഗൗരവുമള്ള വിഷയമാണിതെന്ന് അഭിപ്രായപ്പെട്ട കോടതി, ക്രിമിനല്‍ നടപടിക്കായി മറ്റൊരു ഡിവിഷന് ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
2018ലാണ് തപസ് കുമാര്‍ ഭഞ്ജയെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് മുമ്പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കസ്റ്റഡിയിലിരിക്കെ വനിതാ തടവുകാര്‍ ഗര്‍ഭിണികളാവുന്നതായും പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി ഇതിനകം 196 കുട്ടികള്‍ ജനിച്ചതായും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു സ്ത്രീകള്‍ താമസിക്കുന്ന ജയിലില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് വിലക്കണമെന്നും ഭഞ്ജ നിര്‍ദേശിച്ചു.
അടുത്തിടെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു ഗര്‍ഭിണിയെയും 15 വനിതാ തടവുകാരെയും അവരുടെ കുട്ടികളോടൊപ്പം താമസിക്കുന്നത് കണ്ടതായി അമിക്കസ് കൂറി ഹൈക്കോടതിയെ അറിയിച്ചു. ഈ കുട്ടികളെല്ലാം ജയിലിലാണ് ജനിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്താല്‍ കുട്ടിയെ അമ്മയോടൊപ്പം താമസിക്കാന്‍ അനുവദിക്കുമെന്ന് പശ്ചിമ ബംഗാള്‍ കറക്ഷണല്‍ സര്‍വീസിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറഞ്ഞു. അതേസമയം തടവുകാരുടെ ഗര്‍ഭധാരണം സംബന്ധിച്ച് അറിവില്ലെന്നാണ് ജയില്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പ്രതികരിച്ചത്.