തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇന്ന് ഒമ്പത് സ്ത്രീകളുമുണ്ട്. പരമ്പരാഗതമായി പുരുഷ മേധാവിത്വം പുലര്‍ത്തുന്ന ഒരു തൊഴിലില്‍ ഒമ്പത് സ്ത്രീകള്‍ പുരുഷ സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യുകയാണ്. രാജ്യത്ത് ആദ്യമായി ഇത്തരം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ത്രീകളാണിവര്‍. അതും വിഴിഞ്ഞത്തെ പ്രാദേശിക മത്സ്യത്തൊഴിലാളി വിഭാഗത്തില്നിന്നുള്ളവര്. പൂര്‍ണമായും ഓട്ടോമേറ്റഡ് കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി(സിആര്‍എംജി) ക്രെയിനുകളാണ് ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഒമ്പത് സ്ത്രീകളില്‍ ഏഴ് പേരും 2022ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തിയ സമീപത്തുള്ള മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ളവരാണ്. എല്ലാവരും ബിഎസ്സി ബിരുദധാരികളാണെങ്കിലും മിക്കവര്‍ക്കും സ്ഥിര വരുമാനം ലഭിക്കുന്ന ആദ്യത്തെ ജോലിയാണ്.
ബിഎസ്സി കെമിസ്ട്രി ബിരുദധാരിയായ 30 വയസുള്ള പ്രിനു ബിഎഡ് കോഴ്സ് പൂര്‍ത്തിയാക്കി അധ്യാപന രംഗത്തേക്കിറങ്ങാന്‍ കാത്തിരിക്കുന്നതിനിടെയാണ് സിആര്‍എംജി ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ലഭിച്ചത്. പ്രിനുവിന്റെ അച്ഛനും ഭര്‍ത്താവും മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനത്തില്‍ നിന്നുള്ള തുച്ഛമായ വരുമാനമാണ് ഇവരുടെ കുടുംബത്തിന് ആകെയുള്ളത്. ” ആറ് മാസം മുമ്പാണ് ചേര്‍ന്നത്. ജോലി ഉറപ്പാണെന്ന് എല്ലാവരും പറഞ്ഞതിനെത്തുടര്‍ന്നാണ് അപേക്ഷിച്ചത്. ഒരു മാസത്തെ പരിശീലന കാലയളവുണ്ടായിരുന്നു. തുടര്‍ന്ന് രണ്ട് മാസം മേല്‍നോട്ടച്ചുമതല നല്കി. ഇപ്പോള്‍ സ്വതന്ത്രയായി ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നു. എന്റെ വരുമാനം കുടുംബത്തിന് സാമ്പത്തികമായി ഏറെ ഗുണം ചെയ്തു.”
ക്രെയിനുകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ആയതിനാല്‍ കപ്പലുകളില്‍ നിന്ന് വരുന്ന കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതും യാര്‍ഡ് ട്രക്കുകളിലേയ്ക്ക് മാറ്റുന്നതും പ്രത്യേകിച്ച് വെല്ലുവിളിയൊന്നുമില്ലെന്നും അവര്‍ പറയുന്നു. കണ്ടെയ്നറുകള്‍ കൈകൊണ്ട് എടുത്ത് ട്രക്കുകളില്‍ കയറ്റേണ്ടി വരുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. മത്സ്യത്തൊഴിലാളി സമൂഹം തുറമുഖത്തിന് എതിരല്ലെന്നാണ് മുന്‍ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോഴുണ്ടായ മറുപടി. ”ഞങ്ങളുടെ ചില ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. ഇവിടുത്തെ ആളുകള്‍ക്ക് തുറമുഖം വേണം”, അവര്‍ പറഞ്ഞു.
പ്രിനു ഒരു പുതുമുഖമാണെങ്കില്‍ 27 വയസുള്ള എല്‍ കാര്‍ത്തികയ്ക്ക് നേരത്തെ ക്രെയിനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയം ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ കാര്‍ത്തിക 2023ല്‍ വിഴിഞ്ഞം തുറമുഖത്ത് ജോലിയ്ക്ക് ചേരുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു തുറമുഖത്ത് ഒരു വര്‍ഷം ജോലി ചെയ്തിരുന്നു. ഇന്‍ട്രുമെന്റേഷനിലും എഞ്ചിനീയറിങിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ”തുടക്കത്തില്‍ ഇവിടെയൊന്നും എത്തിയിരുന്നില്ല. ഒരുമാസത്തെ പരിശീലനത്തിനായി ഗുജറാത്തിലേയ്ക്ക് അയച്ചു. ഞാന്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ക്രെയിനുകള്‍ എത്തിയിരുന്നു”, കാര്‍ത്തിക പറയുന്നു. പരിചയം ഉള്ളതിനാല്‍ കാര്‍ത്തിക പുതുതായി നിയമിക്കപ്പെട്ടവരില്‍ ചിലര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
20 ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഷിഫ്റ്റ്. എസ് അനിഷ(29), എല്‍ സുനിത രാജ്(35), ഡി ആര് സ്റ്റെഫി റെബീര(30), ആര് എന്‍ രജിത(36), പി ആശലക്ഷ്മി (33), എ വി ശ്രീദേവി(37), ജെ ഡി നഥാന മേരി എന്നിവരാണ് മറ്റ് വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍.